കൊട്ടിയം: ഹിന്ദി ഭൂഷൺ പാസായ ഷൈനി റേച്ചലിന് (47) ഹിന്ദി അധ്യാപികയാകാനായിരുന്നു മോഹം. എന്നാൽ, ജീവിതപ്രാരാബ്ധം മൂലം വീട്ടുവേല ചെയ്യാനായിരുന്നു തീരുമാനം. വീട്ടുവേല അഭിമാനമായി കണ്ട് ജോലിയിൽ ഒരു കളങ്കവും വരുത്താതെ നിലകൊണ്ടതിന് ഇപ്പോൾ പുരസ്കാരവുമെത്തി. കൊട്ടിയം ഒറ്റപ്ലാമൂട് ഷൈൻ വില്ലയിൽ കൂലിപ്പണിക്കാരനായ പത്രോസിെൻറ ഭാര്യ ഷൈനി റേച്ചലിനെ സംസ്ഥാന സർക്കാർ മികച്ച ഗാർഹിക തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് തെരഞ്ഞെടുത്തു.
എട്ടുവർഷമായി ഒറ്റപ്ലാമൂട്ടിലുള്ള റിട്ട. അധ്യാപിക ജോയിസ് ചാക്കോയുടെ വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഷൈനി റേച്ചലാണ്. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളെയും സ്കൂളിലേക്ക് അയച്ച ശേഷം ഒമ്പതോടെ ജോലിക്ക് പോകുന്ന ഇവർ വൈകീട്ട് അഞ്ചരയോടെ തിരികെ വീട്ടിലെത്തും. പാചകവും തുണി അലക്കലുമൊക്കെ വൃത്തിയും വെടിപ്പോടും ചെയ്യുന്നതിനാൽ ജോലി നോക്കുന്ന വീട്ടുകാർക്കും ഇവർ കുടുംബാംഗത്തെപ്പോലെയാണ്. വീട്ടുജോലികഴിഞ്ഞ് തിരിച്ചെത്തിയാൽ കുട്ടികൾക്ക് ഹിന്ദി ട്യൂഷൻ എടുക്കുന്നതിനും ഇവർ സമയം കണ്ടെത്താറുണ്ട്. കൂലിപ്പണിക്കാരനായ ഭർത്താവിന് നിത്യവും ജോലിയില്ലാതായതോടെയാണ് ഇവർ വീട്ടുജോലിക്കിറങ്ങിയത്.
വീട്ടുജോലിക്കാരുടെ സംഘടനയായ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് യൂനിയെൻറ സെക്രട്ടറി കൂടിയാണ് ഇവർ. കൊട്ടിയം ഹോളിക്രോസ് കോൺവെൻറിലെ സോഷ്യൽ വർക്കറായ സിസ്റ്റർ ആശയാണ് അവാർഡിനായി പരിഗണിക്കുന്നതിനുള്ള അപേക്ഷ അയക്കാൻ പ്രോത്സാഹിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. എട്ടിന് കുടുംബത്തോടൊപ്പം അവാർഡ് വാങ്ങും.

