എടവണ്ണ: ചാലിയാർ പുഴയിൽ ചാടിയ യുവതിയെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ തെങ്ങിൻ തോപ്പിൽനിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം.
ഭർത്താവ് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി വൈകീട്ട് ആറോടെ ആര്യൻതൊടിക കടവിൽ ചാടിയത്. കരയിലേക്ക് നീന്തുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് യുവതിയെ കണ്ടത്. ഒഴുക്കിൽപെട്ടതാണെന്ന് കരുതി ഇയാൾ വിവരം അറിയിച്ചതോടെ നാട്ടുകാരും എടവണ്ണ പൊലീസും തിരുവാലി, മഞ്ചേരി ഫയർ ഫോഴ്സ് യൂനിറ്റ് അംഗങ്ങളും ഇ.ആർ.എഫ്, ട്രോമാകെയർ, ടി.ജി.എ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി പത്ത് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചതിനിടയിലാണ് യുവതിയെ അടുത്തുള്ള തെങ്ങിൻതോട്ടത്തിൽ കണ്ടെത്തിയതറിഞ്ഞത്. രാത്രി മുഴുവൻ ഇവർ ഇവിടെ കഴിയുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഭർത്താവ് വഴക്ക് പറഞ്ഞതിനുള്ള മനോവിഷമത്താലാണ് പുഴയിൽ ചാടിയതെന്നും തിരച്ചിൽ നടത്തുന്നത് തെങ്ങിൻ തോട്ടത്തിൽ െവച്ച് കണ്ടിരുന്നതായും യുവതി വെളിപ്പെടുത്തിയത്. കാണാനില്ലെന്ന ഭർത്താവിെൻറ പരാതിയിൽ കേസെടുത്ത എടവണ്ണ പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ഭർത്താവിനൊപ്പം വിട്ടു.

