ചെറുതുരുത്തി: അവശ വയോധികയെ ബന്ധുക്കൾ കൊണ്ടുപോയി. പൈങ്കുളം അയ്യപ്പനെഴുത്തശ്ശൻ പടിക്ക് സമീപം തനിച്ച് താമസിക്കുന്ന തോരക്കാട്ടു പറമ്പിൽ പരേതനായ സുബ്രമണ്യൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷി (78) യെയാണ് അസുഖം അധികമായതിനെ തുടർന്ന് ബന്ധുക്കൾ ആദ്യം ഏെറ്റടുക്കാൻ തയാറാവാതിരുന്നത്.
തുടർന്ന് പൊലീസും വാർഡ് അംഗവും മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ബന്ധുക്കൾ വയോധികയെ ഏറ്റെടുത്തത്.ഇവർക്ക് അർബുദ ബാധയെ തുടർന്ന് രക്തം പോകുന്നതിനാൽ ചെറുതുരുത്തി സി.ഐ. സുരേന്ദ്രൻ കല്ലിയാടനും വാർഡ് മെംബർ സന്ദീബ് കോന്നനാത്തും ബന്ധുക്കളും ചേർന്ന് ആദ്യം ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നു.
പിന്നീട് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് അസുഖം മാറിയതിന് ശേഷം മകളുടെ വീട്ടിലേക്ക് ഇവരെ കെണ്ടുപോകുമെന്ന് പൊലീസും വാർഡ് മെംബറും പറഞ്ഞു. ഈ മാസം ഒമ്പതിനാണ് വയോധികയായ മീനാക്ഷി വിശപ്പും ദാഹവും സഹിക്കാതായപ്പോൾ മൂത്ര സഞ്ചിയും തൂക്കി നടന്ന് പൊലീസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ചെറുതുരുത്തി പൊലീസും വാർഡ് അംഗവും സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് ഇവർക്ക് ആഹാരവും വെളളവും എത്തിച്ചത്.
സി.പി.ഒ കെ.കെ. അനിൽ കുമാർ, ഹോം ഗാർഡ് കെ.കെ. പ്രമോദ് കുമാർ, സന്നദ്ധ പ്രവർത്തകരായ പി.എസ്. കൃഷ്ണകുമാർ, പി.ആർ. വിജയൻ, എസ്. അച്ചു എന്നിവരാണ് വയോധികയെ ശുശ്രൂഷിച്ചിരുന്നത്.

