കല്ലമ്പലം: മേഖലയിൽ പലയിടങ്ങളിലും പുലിയെക്കണ്ടെന്ന നാട്ടുകാരുടെ അഭ്യൂഹത്തിന് ബലമേകി മടന്തപ്പച്ചയിലും പുലിയെ കണ്ടതായി നാട്ടുകാർ. മടന്തപ്പച്ച കരവായിക്കോണം സ്വദേശി പ്ലസ് ടു വിദ്യാർഥി ആദിൽ ആണ് കഴിഞ്ഞദിവസം രാത്രി ഏഴോടെ വീടിെൻറ മുൻവാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ മുറ്റത്ത് നിന്ന് പുലിക്ക് സമാനമായ ജീവി റബർ തോട്ടത്തിലേക്ക് ചാടി ഓടുന്നത് കണ്ടത്.
ഭയന്ന് കതകടച്ച് മാതാവിനെ വിവരമറിയിക്കുകയും മാതാവ് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. വനപാലകർ എത്തി പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. വനപാലകർ തുടർന്നും പരിശോധനയും ശ്രദ്ധയും പുലർത്തുമെന്നറിയിച്ചു. നാട്ടുകാർ സൂക്ഷിക്കുന്നത് നല്ലതാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഭീതി പരത്തുന്ന വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

