Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഡെങ്കിപ്പനി പ്രതിരോധ...

ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2026ഓടെ വിപണിയിൽ ലഭ്യമാക്കും -ഐ.ഐ.എൽ

text_fields
bookmark_border
vaccine
cancel

ന്യൂഡൽഹി: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ 2026ഓടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡാണ് (ഐ.ഐ.എൽ) വാക്സിൻ നിർമാതാക്കൾ. ദേശീയ ക്ഷീരവികസന ബോർഡിന് കീഴിലുള്ള സബ്സിഡിയറി സ്ഥാപനമാണ് ഐ.ഐ.എൽ.

ലബോറട്ടറി പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതായി ഐ.ഐ.എൽ മാനേജിങ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ പറഞ്ഞു. രണ്ടും മൂന്നും ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കും. വാക്സിന്‍റെ സുരക്ഷയാണ് ഒന്നാംഘട്ടത്തിൽ പ്രധാനമായും വിലയിരുത്തിയത്. ഒന്നാംഘട്ടം വളരെ വിജയമായിരുന്നു. പ്രതികൂലമായ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ല -ഡോ. കെ. ആനന്ദ് കുമാർ പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വാക്സിൻ നിർമാണത്തിനാവശ്യമായ വൈറസ് സ്ട്രെയിൻസ് ഐ.ഐ.എല്ലിന് ലഭിച്ചത്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ റിപ്പോർട്ട് പുറത്തുവിടും. 2026 പകുതിയോടെ വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കും -അദ്ദേഹം പറഞ്ഞു.

ഡെങ്കിക്ക് കൂടാതെ സിക വൈറസ് ബാധക്കും ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി) എന്ന അസുഖത്തിനും വാക്സിൻ നിർമാണം കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 1957ൽ കർണാടകയിലെ വനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്. വർഷംതോറും 500 പേർക്ക് വരെ ഈ അസുഖം ബാധിക്കുന്നുവെന്നാണ് കണക്ക്.

എന്താണ് ഡെങ്കിപ്പനി

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

ലക്ഷണങ്ങൾ

ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോഛാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നീ ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.

എങ്ങനെ പ്രതിരോധിക്കാം?

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നത് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം നൽകേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്. രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവർക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് ചികിത്സ എന്നിവ നൽകാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം. മഴയെ തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബ്ബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം. വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്‍റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മുടാൻ ശ്രദ്ധിക്കണം. കൊതുകു വല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengue Vaccine
News Summary - Vaccine for dengue may be available commercially by mid-2026
Next Story