Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightമലേഷ്യ സ്വപ്നഭൂമിയിൽ

മലേഷ്യ സ്വപ്നഭൂമിയിൽ

text_fields
bookmark_border
മലേഷ്യ സ്വപ്നഭൂമിയിൽ
cancel

മലേഷ്യ, ലോകസഞ്ചാരികളുടെ പറുദീസ. പ്രകൃതിരമണീയത കൊണ്ടും വൈവിധ്യംകൊണ്ടും അനുഗൃഹീത സമ്പന്നതയുടെ ഉച്ചസ്ഥായിയിലെത്തിയ രാജ്യം. 1957 ആഗസ്റ്റ് 31ന് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയതോടെ സ്വന്തമായ വികസനസങ്കൽപം രൂപപ്പെടുത്തി അഭൂതപൂർവമായ കുതിപ്പിലൂടെ മുന്നേറിയ നാട്. മതേതര-ജനാധിപത്യ രാജ്യമായി നിലകൊള്ളുന്ന, മാനവിക സൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും വിളനിലമായ മലേഷ്യയിലൂടെ...

ലങ്കാവി, പെന്റായി

ഞങ്ങളുടെ സംഘം ആദ്യം ചെന്നത് ലങ്കാവി എന്ന മനോഹര ദ്വീപിലേക്കാണ്. വിമാനത്താവളത്തിൽ കാത്തിരുന്ന ഗൈഡ് ഞങ്ങളെ നേരെ കൊണ്ടുപോയത് തമിഴ് വംശജർ നടത്തുന്ന ഒരു ഹോട്ടലിലേക്കാണ്. ദക്ഷിണേന്ത്യൻ ഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടൽ. ഫ്രഷ് മത്സ്യവും അവിടെ ലഭിക്കും. ഭക്ഷണം കഴിഞ്ഞ് നേരെ താമസസ്ഥലത്തേക്ക്. യാത്രാക്ഷീണമുണ്ടെങ്കിലും അവിടെ കൂടുതൽ നേരം തങ്ങാൻ സമയമുണ്ടായിരുന്നില്ല. നേരെ പോയത് പെന്റായി സിനാൻഗ് ബീച്ചിലേക്ക്. കൂട്ടംകൂട്ടമായാണ് സഞ്ചാരികൾ ഈ കടൽതീരത്തെത്തുന്നത്. അതിമനോഹരമായ കടലോരം, പെന്റായി. പാരച്യൂട്ട്, ബോട്ട് റേസ് തുടങ്ങിയ പല വിനോദങ്ങളും നടക്കുന്നുണ്ട്. തീരം നിറയെ കച്ചവടവും മലേഷ്യൻ രുചിവൈവിധ്യവും. ഇളനീരും സുലഭം. അസ്തമയത്തോടെ അവിടെ നിന്നും മടങ്ങി. നേരെ പോയത് ഈഗ്ൾ സ്ക്വയറിലേക്ക്. കരവിരുതുകൊണ്ട് അലംകൃതമാക്കിയ ഈ മഹനീയ ശിൽപം പണിതീർത്തത് ഒരു ഇന്തോനേഷ്യൻ ആർട്ടിസ്റ്റാണ്. സന്ധ്യ കഴിഞ്ഞാണ് ഈ ശിൽപം കാണാൻ ഏറ്റവും അനുയോജ്യമായ സമയം.

ഹോപിങ് ദ്വീപ്

പിറ്റേന്ന് രാവിലെ ഏഴു മണിക്ക് തന്നെ ഇറങ്ങി. ബ്രേക്ക്ഫാസ്റ്റിനുശേഷം എട്ട് മണിക്ക് ഹോപിങ് ദ്വീപിലേക്ക് പുറപ്പെട്ടു. ജലാശയത്തിന്റെ തീരങ്ങളിലൊക്കെ പാറക്കെട്ടുകളും നിബിഡ വനങ്ങളും മലകളും നിറഞ്ഞിരിക്കുന്നു. നിരവധി ദ്വീപസമൂഹങ്ങളും കായലോരങ്ങളും പിന്നിട്ട് ബോട്ട് ശാന്തമായ ഒരു സ്ഥലത്ത് നിന്നു -മലമുകളിലേക്ക് ചൂണ്ടി ബോട്ടിന്റെ ഡ്രൈവർ പറഞ്ഞു, ‘പ്രഗ്നന്റ് ലേഡി’. ഗർഭിണിയായ ഒരു സ്ത്രീ മലർന്നു കിടക്കുന്നത് പോലെ തോന്നുന്ന ഒരു കുന്നായിരുന്നു അത്. ഈ കുന്നിന്റെ താഴ്വാരത്ത് വന്ന് കുളിച്ചാൽ ഗർഭം ധരിക്കാത്ത സ്ത്രീകൾ ഗർഭിണികളാവുമെന്നാണ് ഒരു വിഭാഗം പ്രാചീന ഗോത്രവിഭാഗക്കാരുടെ വിശ്വാസം. ബോട്ട് വീണ്ടും യാത്ര തുടർന്നു. ബോട്ട് നേരെ ചെന്നെത്തിയത് ഉൾവനത്തിലെ ഒരു ബോട്ട്ജെട്ടിയിലേക്കാണ്.

പടികൾ കയറി ഏറെ ദൂരം നടക്കാനുണ്ട്. കാടിനുള്ളിലൂടെയായിരുന്നു യാത്ര. ഫിഷ് തെറപ്പി ഇവിടെ വളരെ പ്രചാരം നേടിയ ഒന്നാണ്. മത്സ്യങ്ങൾക്ക് കൊടുക്കാനുള്ള തീറ്റ ഇവിടെ വാങ്ങിക്കാൻ കിട്ടും. അവിടെ ദീർഘനേരം തങ്ങാനായില്ല. തിരികെവരുമ്പോൾ ഇരുവശങ്ങളിലുമായി വിവിധ തരം പക്ഷികളെയും കുരങ്ങുകളെയും കണ്ടു. ഇനി അടുത്ത ദ്വീപിലേക്ക്. ഏറെ യാത്ര ചെയ്തപ്പോൾ ആകാശത്ത് പരുന്തുകൾ തുരുതുരാ പറന്ന് നടക്കുന്ന ഒരു സ്ഥലത്തെത്തി. ഡ്രൈവർ ബോട്ട് എൻജിൻ ഓഫാക്കി നങ്കൂരമിട്ടു. അദ്ദേഹം കൈയിൽ കരുതിയിരുന്ന റൊട്ടിക്കഷണങ്ങൾ കായലിലേക്കെറിഞ്ഞു. അത് ഭക്ഷിക്കാൻ വേണ്ടി മത്സ്യങ്ങൾ മത്സരിച്ച് ജലോപരിതലത്തിലേക്ക് പൊങ്ങിവന്നു. മനോഹരമായ ഒരു തീരമായിരുന്നു ആ ദ്വീപിന്. പലരും കടലിലിറങ്ങി കുളിച്ചു. പച്ചയും കറുപ്പും നിറത്തിലുള്ള മത്സ്യങ്ങൾ കൂട്ടംകൂട്ടമായി തെന്നിനീങ്ങുന്നു. നേരെ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ യാത്രതിരിച്ചു. അവിടെ ബസും ഗൈഡും കാത്തിരിപ്പുണ്ടായിരുന്നു. ഗൈഡ് മുഹമ്മദ് ഷാൻ ലങ്കാവിയിൽ സ്ഥിരതാമസമാണ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചൈനീസ് ചുവയുള്ളതായതിനാൽ പലപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ലങ്കാവിയിലെ ജനങ്ങൾ അധികവും ടൂറിസം കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്.

സ്കൈ കാബ്

പിന്നെ ഞങ്ങൾ നേരെ പോയത് സ്കൈ കാ ബിലേക്കാണ്. കേബിൾ കാറിലുള്ള ഈ യാത്രയാണ് ലങ്കാവിയുടെ വശ്യസൗന്ദര്യം ഒപ്പിയെടുത്ത ദൃശ്യവിസ്മയം പകരുന്ന യാത്ര. കടലിനോട് ചേർന്ന് ആകാശം മുട്ടെ നിൽക്കുന്ന അങ്ങേയറ്റം ഉയരം കൂടിയ ഒരു പർവതത്തിന്റെ മുകളിലേക്കാണ് കേബിൾ കാർ സഞ്ചാരികളെ പൊക്കിക്കൊണ്ട് പോകുന്നത്. ഇവിടെയുള്ള ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്രയും നടപ്പാതകളിൽ ഇടക്കിടക്ക് പതിച്ച ഗ്ലാസിനുള്ളിലൂടെ ആഴമേറിയ ഗർത്തത്തിലേക്കുള്ള കാഴ്ചയും കൗതുകമുയർത്തുന്നതാണ്. മലയുടെ മുകളിൽ രണ്ട് ടവറുകൾ നിർമിച്ചിട്ടുണ്ട്. അതിൽ കയറിനോക്കിയാൽ തായ്‍ലൻഡിന്റെ ചില ഭാഗങ്ങൾ കൂടി നമുക്ക് കാണാം. നേരം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ അവിടെ നിന്നും മടങ്ങി.

ക്വാലാലംപുർ

പിറ്റേന്ന് രാവിലെ 10 മണിക്കാണ് ക്വാലാലംപുരിലേക്കുള്ള ഞങ്ങളുടെ വിമാനം പുറപ്പെടുന്നത്. ഒന്നേകാൽ മണിക്കൂർ യാത്രയേയുള്ളൂ. ഇവിടെ ഒരു വനിതയായിരുന്നു ഗൈഡ്. നന്നായി തമിഴ് സംസാരിക്കുന്ന ഒരിന്ത്യൻ വംശജ-മധുമിത. ആദ്യം ബേഡ് പാർക്കിലേക്ക്. ഏക്കർ കണക്കിന് സ്ഥലത്ത് രണ്ട് കുന്നുകൾക്ക് വല കൊണ്ട്‌ മേലാപ്പ് കെട്ടി നിർമിച്ചതാണ് ഈ പക്ഷിസങ്കേതം. ഇതിനുള്ളിലാണ് പക്ഷികൾ സ്വൈരവിഹാരം നടത്തുന്നത്. പ്രകൃതിദത്തമായ കുളങ്ങളും തോടുകളും അരുവികളുമൊക്കെ ഇവിടത്തെ പ്രത്യേകതയാണ്. 250ൽപരം വ്യത്യസ്ത രീതിയിലുള്ള പക്ഷികളാണ് ഇവിടെയുള്ളത്.

ഇവിടത്തെ അക്വേറിയവും കാണേണ്ട കാഴ്ചതന്നെ. അക്വേറിയത്തിലെ കാഴ്ചകൾക്ക് ശേഷം ബസ് നേരെ പോയത് ബുക്കിറ്റ് സിൻ ടാങ് എന്ന സ്ട്രീറ്റ് ഫുഡ് കേന്ദ്രത്തിലേക്ക്. ചൈനീസ് ഭക്ഷണങ്ങളും പഴങ്ങളും ലഭിക്കുന്ന നീണ്ടുകിടക്കുന്ന ഒരു തെരുവ്. പേരക്ക, ഡ്രാഗൺ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങി പേരറിയാത്ത നിരവധി പഴങ്ങളും ചിക്കന്റെയും ബീഫിന്റെയുമൊക്കെ വ്യത്യസ്ത ഇനങ്ങളുമെല്ലാം ഇവിടെയുണ്ട്.

പിറ്റേന്നത്തെ യാത്ര മിഠായി നിർമാണശാലയിലേക്കായിരുന്നു. കൊക്കോ കൊണ്ടുണ്ടാക്കുന്ന മിഠായിയാണ് ഇവിടത്തെ സവിശേഷത. അവിടെ നിന്നും നേരെ ബാത്തു കേവിലേക്ക്. പ്രശസ്തമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് ഈ ഗുഹക്കകത്തുള്ളത്. 272 പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ. പിന്നീട് തമിഴ്നാടൻ ഭക്ഷണവും കഴിച്ച് നേരെ പോയത് കേബിൾ കാറിലേക്ക്. ദൈർഘ്യമേറിയ യാത്ര. പകുതിവെച്ച് ഞങ്ങളിറങ്ങി. ഇവിടെയാണ് മലേഷ്യയിലെ അതിപ്രശസ്തമായ ചിൻസ്വി ബുദ്ധമത ക്ഷേത്രം. ഒരു മലഞ്ചെരിവിലെ കാട്ടിനുള്ളിലാണ് ഈ ക്ഷേത്രസമുച്ചയം. സഞ്ചാരികളുടെ തിരക്കായിരുന്നു. ചൈനീസ് സഞ്ചാരികളും ബുദ്ധമതാനുയായികളുമായിരുന്നു ഇവിടെ അധികവും. ഇവിടെ നിന്നുള്ള പ്രകൃതിദൃശ്യമാണ് ഏറെ ആകർഷം. കാട്ടരുവികളും ചെറു നീർച്ചാലുകളും കുളങ്ങളുമൊക്കെ പ്രകൃതിതന്നെ മനോഹരമായി ഡിസൈൻ ചെയ്തുവെച്ചിരിക്കുന്നു.

ജെന്റിംഗ് ഹൈലാൻഡ്

ഇനി പോകേണ്ടത് കാസിനോയിലേക്കാണ്. മലമുകളിലെ ഒരു മനോഹര നഗരമാണ് ജെന്റിംഗ് ഹൈലാൻഡ്. സഞ്ചാരികളുടെ പറുദീസ. എയർ കാർ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ അതിശയിപ്പിക്കുന്ന ഒരു ലോകത്തേക്ക് എത്തിപ്പെട്ടതു പോലെ തോന്നി. ഇവിടെ നടക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് ചൂതാട്ടം. കാസിനോ എന്നാണത് അറിയപ്പെടുന്നത്. അതിവിശാലമായ ഹാളിൽ നൂറുകണക്കിന് കമ്പൂട്ടർ ഘടിപ്പിച്ച മേശകൾക്ക് ചുറ്റുമിരുന്ന് തകൃതിയായ ചൂതാട്ടമാണ് ഇവിടെ നടക്കുന്നത്. ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുണ്ട്. പുറത്ത് വിവിധതരത്തിലുള്ള ഉല്ലാസകേന്ദ്രങ്ങൾ. വൈദ്യുതി ദീപാലംകൃതമായ കണ്ണഞ്ചിപ്പിക്കുന്ന മനോഹരദൃശ്യമാണ് എങ്ങോട്ട് തിരിഞ്ഞാലും. ചിലയിടത്ത് സാഹസികപ്രകടനങ്ങൾ കാണാം. സമയം വല്ലാതെ ഇരുട്ടിയപ്പോൾ ഞങ്ങൾ അവിടെനിന്നും മടങ്ങി.

പെട്രോണാസ് ടവർ

പിറ്റേന്ന് രാവിലെ ലഗേജെല്ലാം മടക്കിക്കെട്ടി ലോഡ്ജിൽനിന്നും മുറിയെഴിഞ്ഞു. ക്വാലാലംപുരിലെ വളരെ സുപ്രധാന കേന്ദ്രങ്ങളാണ് ഇനി സന്ദർശിക്കാനുള്ളത്. ബസിറങ്ങി നേരെ പോയത് പെട്രോണ ട്വിൻ ടവറിലേക്ക്. ആകാശം മുട്ടെ തലയുയർത്തിനിൽക്കുന്ന ട്വിൻ പെട്രോണാസ് ടവർ, ക്വാലാലംപുരിന്റെ അഭിമാനസ്തംഭം. 1993ൽ ആണ് ഇത് നിർമിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ എന്നനിലക്കാണ് ഇത് പ്രശസ്തമായിരിക്കുന്നത്. അതിന്റെ മുന്നിൽനിന്നും ഫോട്ടോ എടുക്കാൻ ആൾക്കൂട്ടത്തിന്റെ തിരക്കായിരുന്നു.

അവിടെനിന്ന് കെ.എൽ ടവറിലേക്ക്. അവിടെ നിന്ന് നോക്കിയാൽ ക്വാലാലംപുർ നഗരം വിശാലമായി കിടക്കുന്നത് കാണാം. പിന്നീട് നേരെ ദേശീയ സ്മാരകത്തിലേക്ക്. ഒരു യുദ്ധസ്മാരകവും ഉദ്യാനവുമുണ്ട് അവിടെ. ഒന്നാം ലോകയുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മാരകവുമുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ പേരുകൾ അതിൽ കൊത്തിവെച്ചിരിക്കുന്നു. തുടർന്ന് ഫ്രീഡം സ്ക്വയർ സന്ദർശനം. ശേഷം രാജകൊട്ടാരത്തിലേക്ക്. ആ യാത്ര വളരെ പ്രൗഢമായിരുന്നു. കൊട്ടാരത്തിന്റെ കവാടം വരെ മാത്രമേ പ്രവേശനമുള്ളൂ. അവസാനത്തെ സന്ദർശനം പുത്രജയ ജുമാ മസ്ജിദിൽ ആയിരുന്നു. പതിനയ്യായിരം പേർക്ക് പ്രാർഥന നടത്താൻ കഴിയുന്ന ഒരു വിശാലമായ പള്ളിയാണിത്. ജാതിമത ഭേദമന്യേ ഈ മസ്ജിദിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ട്.

ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യമാണ് മലേഷ്യ. ഇന്ത്യൻവംശജർ വളരെ സന്തോഷത്തോടെ കഴിഞ്ഞുവരുന്ന രാജ്യം. തീർഥാടനത്തിനും സന്ദർശനത്തിനും തൊഴിൽ തേടിയും നിരവധി ഇന്ത്യക്കാരാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഭരണഘടന നൽകുന്ന സംരക്ഷണവും ഇവിടെയുണ്ട്. നിരവധി അനുഭവങ്ങളും സ്മരണകളും അനുഭൂതികളുമായാണ് ഞങ്ങൾ മലേഷ്യയിൽനിന്ന് മടങ്ങിയത്. സ്വപ്നത്തിലേറെ യാഥാർഥ്യങ്ങൾ പകരുന്ന അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു ഈ യാത്ര മുഴുവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiatravelogue
News Summary - travelogue- malaysia
Next Story